Dark Mode

രാജിവെച്ചവരെ AMMA-യിലേക്ക് കൊണ്ടുവരും; രമേശ് പിഷാരടി

രാജിവെച്ചവരെ AMMA-യിലേക്ക് കൊണ്ടുവരും; രമേശ് പിഷാരടി
AMMA അഡ്‌ഹോക്ക് കമ്മിറ്റി അധ്യക്ഷനും എംഎല്‍എയുമായ രമേശ് പിഷാരടി

കൊച്ചി: താരസംഘടനയായ AMMA-യില്‍ നിന്ന് രാജിവെച്ച് പോയവരെ തിരികെ കൊണ്ടുവരാനുള്ള സജീവമായ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് അഡ്‌ഹോക്ക് കമ്മിറ്റി അധ്യക്ഷനും എംഎല്‍എയുമായ രമേശ് പിഷാരടി. കൊച്ചിയില്‍ ഇന്നലെ ചേര്‍ന്ന സംഘടനയുടെ അഡ്‌ഹോക്ക് കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളോടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ഇത് സംബന്ധിച്ച്
മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ മലയാള സിനിമയിലെ മുതിര്‍ന്ന താരങ്ങളുമായും വിശദമായ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.
രാജിവെച്ച അംഗങ്ങളെ സംഘടനയിലേക്ക് തിരികെ എത്തിക്കുന്നതിന്റെ ഭാഗമായി പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചതായി പിഷാരടി വ്യക്തമാക്കി.
നടിമാരായ ശ്വേതാ മേനോന്‍, അന്‍സിബ ഹസ്സന്‍, മല്ലികാ സുകുമാരന്‍ തുടങ്ങിയവരുമായി ഇതിനോടകം നേരിട്ട് സംസാരിച്ചു കഴിഞ്ഞു.
ഓരോരുത്തര്‍ക്കും സംഘടന വിട്ടുപോകാന്‍ ഇടയാക്കിയ പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് ആഴത്തില്‍ മനസ്സിലാക്കാനും, അവയ്ക്ക് ഉചിതമായ പരിഹാരം കണ്ട് ഒത്തൊരുമയോടെ മുന്നോട്ട് പോകാനുമാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയ ഭാരവാഹിത്വം ഏറ്റെടുക്കില്ല
സംഘടനയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനായി വൈകാതെ തന്നെ ഒരു സ്ഥിരം കമ്മിറ്റി നിലവില്‍ വരുമെന്ന് രമേശ് പിഷാരടി അറിയിച്ചു. എന്നാല്‍, വരാനിരിക്കുന്ന ഈ പുതിയ കമ്മിറ്റിയുടെ ഭാരവാഹിത്വം ഏറ്റെടുക്കാന്‍ താന്‍ വ്യക്തിപരമായി താല്പര്യപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.