കുവൈത്തില്‍ അഞ്ച് കുറ്റവാളികളെ തൂക്കികൊന്നു
കുവൈത്ത് സിറ്റി: കുവൈത്തിനെ നടുക്കിയ കൊലപാതകങ്ങള്‍, തട്ടിക്കൊണ്ടുപോകല്‍, ലൈംഗിക പീഡനം തുടങ്ങിയ കേസുകളില്‍ പ്രതികളായ അഞ്ച് പേരുടെ വധശിക്ഷ കുവൈത്ത് സെന്‍ട്രല്‍ ജയിലില്‍ വെച്ച് നടപ്പാക്കി. ശനിയാഴ്ച വൈകുന്നേരമാണ് പ്രതികളെ തൂക്കിലേറ്റിയതെന്ന് കുവൈത്ത് പബ്ലിക് പ്രോസിക്യൂഷന്‍ ഔദ്യോഗികമായി അറിയിച്ചു.മൂന്ന് കുവൈത്ത് സ്വദേശികള്‍,ഒരു പൗരത്വരഹിതന്‍ (ബെദൂനി)കൂടാതെ ഒരു ഈജിപ്ഷ്യന്‍ പൗരനെയുമാണ് തൂക്കിലേറ്റിയത്.
നിയമപരമായ എല്ലാ ഭരണഘടനാപരമായ അവകാശങ്ങളും പ്രതികള്‍ക്ക് ഉറപ്പുവരുത്തിയ ശേഷമാണ് അന്തിമ വിധി നടപ്പാക്കിയതെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. മൂന്ന് തലങ്ങളിലുള്ള കോടതി നടപടികള്‍ക്കും അപ്പീലുകള്‍ക്കും ശേഷം കുവൈത്ത് അമീര്‍ വിധി അംഗീകരിച്ചതോടെയാണ് ശിക്ഷ നടപ്പാക്കിയത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളുടെയും അവര്‍ ചെയ്ത കുറ്റകൃത്യങ്ങളുടെയും വിവരങ്ങള്‍ താഴെ നല്‍കുന്നു:
1. അലി മനാഹി മുഫ്രെ അല്‍-സുബൈഇ (കുവൈത്ത് പൗരന്‍)
2021-ല്‍ ഒരു പോലീസുകാരനെ മുന്‍വിധയോടെ കൊന്ന കേസിലെ പ്രതിയാണ്.
കൂടാതെ,സെന്‍ട്രല്‍ ജയിലില്‍ നിന്ന് ജയില്‍ ചാടാന്‍ ശ്രമിച്ച് പിടിയിലായിട്ടുമുണ്ട്.
മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകം, വധശ്രമം, ലൈസന്‍സില്ലാതെ മാരകായുധങ്ങളായ കലാഷ്നികോവ് ഓട്ടോമാറ്റിക് റൈഫിളും വെടിയുണ്ടകളും കൈവശം വെക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് ഇയാള്‍ക്ക് കോടതി വധശിക്ഷ വിധിച്ചത്.
2. ഹസന്‍ സലേം ആയിഷ് അല്‍-റഷീദി (കുവൈത്ത് പൗരന്‍)
രാജ്യത്ത് വലിയ മാധ്യമശ്രദ്ധ നേടിയ കേസാണീത്.2023-ലാണ് കൊലപാതകം നടന്നത്. മുബാറക് അല്‍-റഷീദി എന്ന സുഹൃത്തിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.നിയമവിരുദ്ധമായി തടങ്കലില്‍ വെക്കല്‍, മാരക മയക്കുമരുന്നുകള്‍ കൈവശം വെക്കല്‍, ലൈസന്‍സില്ലാത്ത തോക്ക് ഉപയോഗിക്കല്‍ എന്നീ കുറ്റങ്ങളും ഇയാള്‍ക്കെതിരെ തെളിഞ്ഞിരുന്നു. ഇയാളും ജയില്‍ ചാടാന്‍ ശ്രമിച്ച് പിടിയിലായിട്ടുണ്ട്.
3. മഹ്‌മൂദ് ഹംദി അഹമ്മദ് ഹസ്സന്‍ (ഈജിപ്ഷ്യന്‍ പൗരന്‍)
അറസ്റ്റിലായവരില്‍ ഏക വിദേശിയായ ഈജിപ്ത് സ്വദേശി. 2024-ല്‍ സബാഹ് അല്‍-അഹമ്മദ് സൗത്ത് മേഖലയില്‍ വെച്ച് ഒരു യുവതിയെ ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോയി ക്രൂരമായി ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് പരമാവധി ശിക്ഷ ലഭിച്ചത്.
4. അഹമ്മദ് മുഹമ്മദ് ഖാത്തെ ഉബൈദ് (പൗരത്വരഹിതന്‍)
2021-ല്‍ കബ്ദ് മേഖലയില്‍ വെച്ച് ആസൂത്രിതമായി കൊലപാതകം നടത്തിയ കേസിലെ പ്രതിയാണ്. കുവൈത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട 'സാദ് അല്‍-അബ്ദുള്ള ഗാര്‍ഡന്‍ കൊലപാതക കേസുമായി' ബന്ധപ്പെട്ടാണ് ഇയാളുടെ വധശിക്ഷ നടപ്പാക്കിയത്.
5. മലിഹ് അല്‍-ഹുമൈദി മുഫീസ് അല്‍-ഹര്‍ഷാനി (കുവൈത്ത് പൗരന്‍)
2017-ല്‍ സ്വന്തം അമ്മായിയമ്മയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി. തീവ്രവാദ ആശയങ്ങള്‍ വെച്ചുപുലര്‍ത്തിയിരുന്ന ഇയാള്‍ മുന്‍പ് സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ പങ്കെടുക്കാന്‍ വിദേശത്ത് പോയിരുന്നു. തിരികെ കുവൈത്തിലെത്തിയ ഇയാള്‍ കുടുംബ വഴക്കിനിടെ ഭാര്യയെ ഉപദ്രവിക്കുന്നത് തടയാന്‍ ശ്രമിച്ച അമ്മായിയമ്മയെ മാരകമായി കുത്തിക്കൊല്ലുകയായിരുന്നു. ഇയാളും സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച സംഘത്തില്‍ ഉള്‍പ്പെട്ടയാളാണ്.
പ്രതികളില്‍ ഒരാള്‍ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി ഉള്‍പ്പെടെ തള്ളിക്കൊണ്ടാണ് രാജ്യം കണ്ട ഏറ്റവും വലിയ കൂട്ട വധശിക്ഷകളിലൊന്ന് കുവൈത്ത് നടപ്പിലാക്കിയത്.
രാജ്യത്ത് നിയമവാഴ്ച ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് പരമോന്നത കോടതികള്‍ ശരിവെച്ച വിധി നടപ്പാക്കിയതെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.