പൊതുസ്ഥലങ്ങളിലെ കൈയേറ്റം ഒഴിവാക്കാന്‍ രണ്ടാഴ്ചത്തെ സമയം അനുവദിച്ച് കുവൈത്ത് മുന്‍സിപ്പാലിറ്റി
കുവൈത്ത് സിറ്റി: രാജ്യത്തെ പൊതുസ്ഥലങ്ങളിലെയും സര്‍ക്കാര്‍ ഭൂമിയിലെയും എല്ലാവിധ നിയമവിരുദ്ധ കൈയേറ്റങ്ങളും നീക്കാനായി കുവൈത്ത് മുന്‍സിപ്പാലിറ്റി രണ്ടാഴ്ചത്തെ സമയപരിധി പ്രഖ്യാപിച്ചു. ഈ സമയപരിധിക്കുള്ളില്‍ നിയമലംഘനങ്ങള്‍ സ്വമേധയാ നീക്കം ചെയ്യാത്തവര്‍ക്കെതിരെ പിഴ, കോടതി നടപടികള്‍ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും നല്കി.ജൂണ്‍ 22 തിങ്കളാഴ്ച മുതല്‍ ആരംഭിക്കുന്ന പ്രസ്തുത സമയപരിധി 2026 ജൂലൈ 6 വരെ ഉണ്ടാകും.
രാജ്യത്തെ വിവിധ ഗവര്ണറേറ്റുകളിലുള്ള സര്‍ക്കാര്‍ ഭൂമിയുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും, അനധികൃത താമസസ്ഥലങ്ങളും താല്‍ക്കാലിക നിര്‍മ്മിതികളും നീക്കം ചെയ്യുന്നതിനും മുന്‍സിപ്പാലിറ്റി നടത്തിവരുന്ന നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി.
അനുവദിച്ച രണ്ടാഴ്ചത്തെ സമയപരിധി അവസാനിക്കുന്ന മുറയ്ക്ക്, ജൂലൈ ആദ്യവാരം മുതല്‍ രാജ്യവ്യാപകമായി വിപുലമായ ഫീല്‍ഡ് കാമ്പെയ്ന് ആരംഭിക്കും. സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈവശം വെച്ചിരിക്കുന്നതും ഉപയോഗിക്കുന്നതുമായ എല്ലാത്തരം നിയമലംഘനങ്ങളും പ്രത്യേക സംഘം നിരീക്ഷിക്കുകയും ഉടനടി പൊളിച്ചുനീക്കുകയും ചെയ്യും.
പൊതുതാത്പര്യം മുന്‍നിര്‍ത്തിയുള്ള നടപടിയില്‍ മുന്‍സിപ്പാലിറ്റിയുമായി സഹകരിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.