കെഎംസിസി പ്രതിനിധി സംഘം മുഖ്യമന്ത്രി വി.ഡി സതീശന് നിവേദനം നല്‍കുന്നു
തിരുവനന്തപുരം: കുവൈത്തിലെ പ്രവാസി മലയാളികള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കുവൈത്ത് കെഎംസിസി പ്രതിനിധി സംഘം മുഖ്യമന്ത്രി വി.ഡി സതീശന്‍, വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, പൊതുവിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദീന്‍, ജലസേചന വകുപ്പ് മന്ത്രി മോന്‍സ് ജോസഫ്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി, ഫിഷറീസ് & സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി വി.ഇ അബ്ദുല്‍ ഗഫൂര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി നിവേദനം സമര്‍പ്പിച്ചു. പ്രവാസികളുടെ വിദ്യാഭ്യാസം, ആരോഗ്യം, യാത്രാ ദുരിതങ്ങള്‍, ഔദ്യോഗിക രേഖകള്‍ ലഭിക്കുന്നതിലെ സങ്കീര്‍ണ്ണതകള്‍ തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാര്‍ തലത്തില്‍ അടിയന്തര പരിഹാരം വേണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം. കെഎംസിസി പ്രതിനിധി സംഘം വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയെ കാണുന്നു
വിദേശത്ത് സിബിഎസ്ഇ സിലബസില്‍ പഠനം പൂര്‍ത്തിയാക്കി നാട്ടിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ്-ടു, ഡിഗ്രി പ്രവേശനങ്ങളില്‍ പ്രത്യേക സംവരണവും, ഗ്രേസ് മാര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കാത്ത സാഹചര്യം കണക്കിലെടുത്ത് ഉന്നത വിദ്യാഭ്യാസ പ്രവേശനത്തില്‍ മുന്‍ഗണനയും നല്‍കണമെന്ന് സംഘം ആവശ്യപ്പെട്ടു. ഒപ്പം, വിദേശത്ത് ജനിച്ച കുട്ടികള്‍ക്ക് നാട്ടിലെ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിലെ സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കി, എംബസി രേഖകളും എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റും അടിസ്ഥാനമാക്കി നടപടിക്രമങ്ങള്‍ ലഘൂകരിക്കാനും നിവേദനത്തില്‍ അഭ്യര്‍ത്ഥിച്ചു. കെഎംസിസി പ്രതിനിധി സംഘം പൊതുവിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദീനെ സന്ദര്‍ശിച്ചപ്പോള്‍
നോര്‍ക്ക ഇന്‍ഷുറന്‍സ് പദ്ധതി പരിഷ്‌കരിച്ച് ഇന്‍ഷുറന്‍സ് തുക കാലാനുസൃതമായി വര്‍ദ്ധിപ്പിക്കണമെന്നും, കോമയിലായവരും ഗുരുതരാവസ്ഥയിലുള്ളവരുമായ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ നോര്‍ക്കയുടെ നേതൃത്വത്തില്‍ പ്രത്യേക യാത്രാ സഹായ സംവിധാനം ഏര്‍പ്പെടുത്തണമെന്നും കെഎംസിസി ആവശ്യപ്പെട്ടു. കൂടാതെ, കുവൈത്തിലേക്കുള്ള യാത്രയിലെ പ്രയാസങ്ങള്‍, വിമാനത്താവളത്തിലെ സാങ്കേതിക തടസ്സങ്ങള്‍, വിമാനങ്ങള്‍ റദ്ദാക്കപ്പെടുന്നത് മൂലം പ്രവാസികള്‍ക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ എന്നിവ പരിഹരിക്കാന്‍ ഇന്ത്യന്‍ എംബസി മുഖേന അടിയന്തര ഇടപെടല്‍ നടത്തണമെന്നും, കുവൈത്തിലേക്ക് പുതുതായി വരുന്നവര്‍ക്ക് മെഡിക്കല്‍ പരിശോധനയുടെ പേരില്‍ ചില ഏജന്‍സികള്‍ നടത്തുന്ന തട്ടിപ്പും അനാവശ്യ പരിശോധനകളും നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും സംഘം ആവശ്യപ്പെട്ടു. കെഎംസിസി പ്രതിനിധി സംഘം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജിയോടെപ്പം
കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റി ജനറല്‍ സെക്രട്ടറി മുസ്തഫ കാരി, വൈസ് പ്രസിഡന്റ് ഫാറൂഖ് ഹമദാനി, സെക്രട്ടറി ഷാഹുല്‍ ബേപ്പൂര്‍ എന്നിവരടങ്ങുന്ന സംഘമാണ് നിവേദനം സമര്‍പ്പിച്ചത്. പ്രവാസികളുടെ ന്യായമായ ആവശ്യങ്ങള്‍ പരിഗണിച്ച് സര്‍ക്കാര്‍ തലത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രിമാര്‍ ഉറപ്പുനല്‍കിയതായി ഭാരവാഹികള്‍ അറിയിച്ചു.