സിവില്‍ ഐ.ഡി രേഖകളില്‍ കൃത്രിമം;കുവൈത്തില്‍ സ്വദേശിയും കൂട്ടാളിയും അറസ്റ്റില്‍
കുവൈത്ത്‌സിറ്റി: പണം വാങ്ങി പാസി രേഖകളില്‍ കൃത്രിമം കാണിച്ചും, വ്യാജരേഖ ചമച്ച് വിദേശികള്‍ക്ക് വ്യാജ സിവില്‍ ഐഡി അഡ്രസ്സ് നല്‍കി വന്നിരുന്ന രണ്ടംഗ സംഘം അറസ്റ്റിലായി. ക്രിമിനല്‍ സെക്യൂരിറ്റി സെക്ടറിനെ പ്രതിനിധീകരിച്ച് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ജനറല്‍വിഭാഗമാണ് കുവൈത്ത് സ്വദേശിയേയും കൂട്ടാളിയേയും അറസ്റ്റ് ചെയ്തത്.
സുരക്ഷാ വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, യഥാര്‍ത്ഥ താമസ സ്ഥലങ്ങളുമായി വിലാസങ്ങള്‍ പൊരുത്തപ്പെടുന്നില്ലെങ്കിലും പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്റെ (പാസി) രേഖകളില്‍ കൃത്രിമം കണിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്.
പാസിയിലെ ജീവനക്കാരനായ 1973-ല്‍ ജനിച്ച സ്വദേശി പൗരനാണ് പ്രധാന പ്രതി.കൂടെ, ഇടനിലക്കാരനായ കൂട്ടാളിയുമാണ് അറസ്റ്റിലായത്.
ഓരോ ഇടപാടിനും 100 മുതല്‍ 150 ദിനാര്‍ വരെ മേടിച്ചിരുന്നു.ഇടനിലക്കാരന്‍ ഒരോ ഇടപാടിനും 30 മുതല്‍ 50 ദിനാര്‍ വരെ കമ്മീഷന്‍ കൈപ്പറ്റിയിരുന്നു.
അന്വേഷണത്തില്‍ വ്യാജരേഖ ചമയ്ക്കല്‍, കൈക്കൂലി എന്നീ കുറ്റങ്ങള്‍ പ്രധാന പ്രതിയ്ക്ക് മേല്‍ ചുമത്തി.പ്രതികളെ ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് പ്രോസിക്യൂഷന് കൈമാറുകയും, തുടര്‍ നിയമനടപടികള്‍ക്കായി സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.
ചില വിദേശികള്‍ തങ്ങള്‍ രജിസ്റ്റര്‍ ചെയ്ത താമസ വിലാസങ്ങളില്‍ മാറ്റങ്ങള്‍ നടക്കുന്നത,് ക്രിമിനല്‍ സെക്യൂരിറ്റി സെക്ടറിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്.
ഒരു വര്‍ഷത്തിലെറേയായി വിദേശികളുടെ താമസ രേഖകള്‍ (പാസി)പ്രത്യേകിച്ച് താമസ അഡ്രസ്സ് പരിശോധന കര്‍ശനമാക്കിയിരക്കുകയാണ് അധികൃതര്‍.കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റിയവ,പാസി നമ്പര്‍ ഇല്ലാത്ത കെട്ടിടങ്ങള്‍ തുടങ്ങിയവയിലെ താമസക്കാര്‍ക്ക്
സിവില്‍ ഐ.ഡി ലഭ്യമാകില്ല.ഇത്തരക്കാരെ കണ്ടെത്തി പണം വസൂലാക്കിയാണ്
പ്രതികള്‍ പണം സ്വരൂപിച്ചിരുന്നത്.പ്രതികള്‍ നടത്തിയ ഇടപാടുകള്‍ എല്ലാം സമാഹരിക്കാനുള്ള ശ്രമം ക്രിമിനല്‍ സെക്യൂരിറ്റി സെക്ടര്‍ തുടരുകയാണ്.
നിയമവിരുദ്ധമായ മാര്‍ഗങ്ങളിലൂടെ ഇത്തരം സേവനങ്ങള്‍ കരസ്ഥമാക്കുന്ന വിദേശികള്‍ നിയമപരമായ നടപടികള്‍ കൂടാതെ നാടുകടത്തല്‍ ഉള്‍പ്പെടെയുള്ള ശിക്ഷ നേരിടേണ്ടിവരുമെന്ന് സുരക്ഷാ വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ വര്‍ഷം ഡിസംബറിലും സമാനമായ കേസ് അധികൃതര്‍ പിടികൂടിയിരുന്നു.