പി.എം.ശ്രീ തുടരാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി'; പഠിക്കാന്‍ മന്ത്രിസഭാ ഉപസമിതി- മുഖ്യമന്ത്രി
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ നിലവില്‍ കേരളവും പങ്കാളിയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. ഒരു വര്‍ഗീയ അജണ്ടയും നടപ്പാക്കാന്‍ സമ്മതിക്കാതെ കരിക്കുലത്തില്‍ പൂര്‍ണ സ്വാതന്ത്ര്യം ലഭിക്കുംവിധത്തില്‍ മാത്രമേ ആ പദ്ധതിയുമായി മുന്നോട്ടുപോവുകയുള്ളൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതുസംബന്ധിച്ച നിലപാട് രൂപീകരിക്കുന്നതിന് മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചതായും അദ്ദേഹം പറഞ്ഞു.
പിഎം ശ്രീയില്‍ 99 കോടി രൂപയിലധികം പണം കേരള സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. 106 കോടി രൂപ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാര്‍ പദ്ധതിയില്‍ ഒപ്പുവെച്ചതിനാല്‍ അത് തുടരാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാവുകയാണ്. പക്ഷെ, സര്‍ക്കാരിനുള്ള അവകാശങ്ങള്‍ ബലികഴിക്കാതെ എന്തുചെയ്യാന്‍ പറ്റുമെന്നാണ് ഞങ്ങള്‍ പരിശോധിക്കുന്നത്.
സര്‍ക്കാരിന് ഈ പദ്ധതിയില്‍ ആശയപരമായ എതിര്‍പ്പുണ്ട്. കരിക്കുലം ഫ്രീഡത്തില്‍ കേന്ദ്രം ഇടപെടരുത്, പദ്ധതി നടപ്പാക്കുന്ന സ്‌കൂളുകള്‍ തിരഞ്ഞെടുക്കാനുള്ള അവകാശം സംസ്ഥാനത്തിന് നല്‍കണം എന്നീ കാര്യങ്ങള്‍ സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നുണ്ട്. ഇക്കാര്യം കേന്ദ്രസര്‍ക്കാരിനെ അറിയിക്കും. ഇത് പഠിക്കാനായി പൊതുവിദ്യാഭ്യാസമന്ത്രി ഷംസുദ്ദീന്‍ കണ്‍വീനറും മന്ത്രിമാരായ റോജി എം ജോണ്‍, പിസി വിഷ്ണുനാഥ്, എം ലിജു എന്നിവര്‍ അംഗങ്ങളായിട്ടുള്ള മന്ത്രിസഭാ ഉപസമിതിയെ നിയമിച്ചു. അവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
മന്ത്രിസഭാ അംഗങ്ങളെ പോലും ഇരുട്ടില്‍ നിര്‍ത്തിയാണ് അന്നത്തെ സര്‍ക്കാര്‍ പിഎംശ്രീയില്‍ ഒപ്പുവെച്ചതെന്നും മുഖ്യമന്ത്രി ആരോപിച്ചു. കേന്ദ്രം നല്‍കുന്ന പണം നമ്മുടെ അവകാശമാണ്. അത് അവരുടെ ഔദാര്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.