അഗ്നി വിഴുങ്ങാത്ത ജീവന്റെ തുടിപ്പുമായി ഞാന്‍ ഇന്നും.....മങ്കെഫ് അഗ്നിബാധയില്‍ നിന്ന് രക്ഷപ്പെട്ട നളിനാക്ഷന്‍ ഒളവറ
ജൂണ്‍ 12;നളിനാക്ഷന്‍ ഒളവറയ്ക്ക് ഇത് രണ്ടാം ജന്മം ലഭിച്ചിട്ട് രണ്ടാണ്ട്.
മങ്കെഫ് അഗ്നിബാധയില്‍ നിന്ന് രക്ഷപ്പെട്ട നളിനാക്ഷന്‍ ആഭീതി ഓര്‍മ്മകളില്‍ നിന്നെഴുതിയ കവിത-
കനൽവഴിയിലെ അതിജീവനം
ചുട്ടുപഴുത്ത ജൂണിന്റെ കനലെരിയുന്ന ഓർമ്മയായ്,
മനസ്സിൽ പുകയുന്നുണ്ട് മംഗഫിലെ ആ പുലരി.
ഉണരാത്ത സ്വപ്നങ്ങൾക്കിടയിലേക്ക് പാഞ്ഞെത്തിയ
തീനാമ്പുകളിൽ ഒടുങ്ങിപ്പോയിരിക്കുന്നു
പ്രിയപ്പെട്ട ചില ജന്മങ്ങൾ.
കൂട്ടുകാരന്റെ അവസാനത്തെ നിലവിളിയും,
പുലർകാലം വിഴുങ്ങിയ കരിമ്പുകച്ചുരുളുകളും,
ഒരുനാൾ പുലരുമെന്ന പ്രതീക്ഷതൻ തീരത്ത്,
ഒരുമിച്ചു നെയ്തുകൂട്ടിയ സ്വപ്നങ്ങളൊക്കെയും,
ആ നിമിഷം കരിഞ്ഞുചാമ്പലായെങ്കിലും,
ദൈവത്തിൻ കരങ്ങളെന്നെ കാത്തുരക്ഷിച്ചു.
അഗ്നി വിഴുങ്ങാത്തൊരു ജീവന്റെ തുടിപ്പായി,
ഞാനിന്നും നിൽക്കുന്നുണ്ട്
ഓർമ്മകളുടെ
അതേ തീരത്ത്.
നഷ്ടമായവർതൻ ഓർമ്മകൾക്ക് മുൻപിൽ,
കണ്ണീരിനാലൊരു പ്രണാമം അർപ്പിക്കുന്നു..
നെഞ്ചിലൊരു തീക്കനലായി
ആ ദിനം മാറുമ്പോഴും,
രണ്ടാം ജന്മത്തിലേക്ക്
ബാക്കിയായ ആയുസ്സ് പ്രിയപ്പെട്ടവർക്കായി ജീവിച്ചുതീർക്കാനുള്ളതെന്ന്
നെഞ്ചിൽ കനലുകൾ
എരിഞ്ഞു കത്തുന്നു.
------------------
കുവൈത്തിലെ മാത്രമല്ല, ലോകം മുഴുവനുമുള്ള മലയാളികളുടെ മനസില്‍ അഗ്നി പടര്‍ന്ന ദിനമാണ് ജൂണ്‍ 12. അതിരാവിലെ താമസ ഫ്‌ളാറ്റില്‍ അഗ്നി പടര്‍ന്ന് 49 ജീവനാണ് പൊലിഞ്ഞത്.അതില്‍ 24 മലയാളികളും ഉള്‍പ്പെട്ടിരുന്നു.
ജൂണ്‍ 12- നളിനാക്ഷന്‍ ഒളവറയുടെ ജീവിതത്തില്‍ വേദന മുമ്പും വരുത്തിയ ദിനമാണ്.തന്റെ പിതാവിന്റെ മരണദിനം.രണ്ട് വര്‍ഷംമുമ്പുള്ള ദിനവം അതീവ വേദനയോടെയാണ് നളിനാക്ഷന്‍ ഓര്‍ക്കുന്നത്..
നാലുമണിക്ക് ബാത്‌റൂമില്‍ പോകാന്‍ എഴുന്നേറ്റ് വീണ്ടും കിടക്കാന്‍ നേരത്ത് പുറത്തുള്ള ബഹളം കേട്ടാണ് ജനല്‍ വഴി പുറത്തേക്ക് നോക്കിയത്. പുറത്ത് ജനങ്ങള്‍ തിങ്ങി കൂടി ബില്‍ഡിങ്ങില്‍ ഉള്ളവരെ പുറത്തേക്ക് വരാന്‍ വേണ്ടി കൈകാണിച്ചും കൂകിവിളിച്ചും ഉള്ള രംഗമായിരുന്നു കണ്ടത്. എന്തു ചെയ്യണമെന്ന് അറിയാതെ പകച്ചു നില്‍ക്കുന്ന സമയത്ത് സ്റ്റെപ്പ് വഴി ഇറങ്ങി ഓടാം എന്ന് ഉദ്ദേശത്തോടെ കോറിഡോറിലെ വാതില്‍ തുറന്നപ്പോള്‍ കരിമ്പുഴ മൂടിക്കെട്ടിയ ഒന്നും കാണാത്ത ഒരു അവസ്ഥയായിരുന്നു. പിന്നീട് ആലോചിക്കാന്‍ സമയം കിട്ടിയില്ല.