ദുബായില്‍ ജോലി നഷ്ടപ്പെട്ട മലയാളി നഴ്സുമാരുടെ വിഷയം; പ്രധാനമന്ത്രിയുടെ അടിയന്തര ഇടപെടല്‍ തേടി മുഖ്യമന്ത്രി
തിരുവനന്തപുരം: ദുബായിലെ പ്രമുഖ ആശുപത്രി അപ്രതീക്ഷിതമായി അടച്ച് പൂട്ടിയതിനെ തുടർന്ന് നിരവധി മലയാളി നഴ്സുമാർ തൊഴിൽരഹിതരായ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടിയന്തര ഇടപെടൽ തേടി മുഖ്യമന്ത്രി. തൊഴിൽ നഷ്ടപ്പെട്ട നഴ്സുമാർക്കും അവരുടെ കുടുംബങ്ങൾക്കും സുരക്ഷിതത്വം ഉറപ്പാക്കാൻ യു.എ.ഇ ഭരണകൂടവുമായി കേന്ദ്ര സർക്കാർ അടിയന്തരമായി ചർച്ച നടത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ആശുപത്രി പൂട്ടിയതോടെ കേരളത്തിൽ നിന്നുള്ള നഴ്സുമാർ ഉൾപ്പെടെ നൂറുകണക്കിന് ഇന്ത്യാക്കാരാണ് പ്രതിസന്ധിയിലായത്. ഇത് കേവലം തൊഴിൽ നഷ്ടത്തിന്റെ പ്രശ്നമല്ലെന്നും നിരവധി ഇന്ത്യാക്കാരായ കുടുംബങ്ങളുടെ ജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന സാഹചര്യമാണെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
തൊഴിൽ നഷ്ടപ്പെട്ടവർക്ക് യു.എ.ഇയിൽ തന്നെ ബദൽ തൊഴിൽ അവസരങ്ങൾ കണ്ടെത്താൻ കേന്ദ്ര സർക്കാർ സഹായിക്കണമെന്നും വിസാ കാലാവധി ഉൾപ്പെടെയുള്ള സാങ്കേതിക വിഷയങ്ങളിൽ നിയമപരമായ സംരക്ഷണം ഉറപ്പാക്കാൻ നയതന്ത്രതലത്തിൽ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.