എനിക്കാണ് ഒന്നാം സ്ഥാനം...
ചങ്ങനാശേരി: 1990 കളിലെ എം.ജി. സർവകലാശാല കലോത്സവം ചങ്ങനാശേരിയിൽ നടക്കുന്ന സമയം. മാധ്യമ പ്രവർത്തകർക്കായി ഒരുക്കിയ ഓഫീസിലേക്ക് നിറപുഞ്ചിരിയുമായി ഒരു യുവാവെത്തി. ആഗ്രഹിച്ച നേട്ടം വെട്ടിപ്പിടിച്ചതിന്റെ സന്തോഷം ആ മുഖത്തുണ്ടായിരുന്നു. 'എനിക്കാണ് മിമിക്രിയിൽ ഒന്നാം സ്ഥാനം"- അദ്ദേഹം പറഞ്ഞു. അതു സലിം കുമാറായിരുന്നു.
പ്രതികരണത്തിനായി അദ്ദേഹം ആകാംഷയോടെ മാധ്യമപ്രവർത്തകരുടെ മുഖത്തേക്കു നോക്കി. ആദ്യനിരയിൽ ഉണ്ടായിരുന്നത് ഒരു മാധ്യമപ്രവർത്തകയായിരുന്നു. 'എനിക്ക് ഭരതനാട്യത്തിന് ഒന്നാം സ്ഥാനം കിട്ടിയ കുട്ടിയെ കാണേണ്ടതുണ്ട്"- അവർ ഓഫീസിൽനിന്ന് പുറത്തേക്കു പോയി. അവർക്കൊപ്പം ഏതാനും മാധ്യമപ്രവർത്തകരും. സലിം കുമാറിന്റെ മുഖ്യത്തെ സന്തോഷത്തിൽ നേരിയ പോറൽ ഉണ്ടായതുപോലെ.
അവശേഷിച്ച മാധ്യമപ്രവർത്തകർ അദ്ദേത്തിനു സമീപമെത്തിയതോടെ നിരാശയെല്ലാം ആ മുഖത്തുനിന്നു മാഞ്ഞു. മിമിക്രിയെക്കുറിച്ച് അദ്ദേഹം വാചാലനായി.
പിറ്റേന്നു പത്രങ്ങളിൽ ആ മുഖം അച്ചടിച്ചുവന്നു. അതും ഒരു പ്രോത്സാഹനമായി മാറിയിട്ടുണ്ടാകും. ഗിന്നസ് പക്രുവെന്ന അജയ് കുമാറും ആ കലോത്സവത്തിലുണ്ടായിരുന്നു. ബാക്കിയുള്ള താരങ്ങളിൽ ഭൂരിപക്ഷവും കലാരംഗത്തിനിന്ന് അകന്നുപോയി.
സലിം കുമാർ നടനായി, ദേശീയ അവാർഡ് ജേതാവായി. കേരളത്തിന്റെ സ്നേഹം ഏറ്റുവാങ്ങിയ താരമായി. അദ്ദേഹം ഇത്രയും വലിയ കലാകാരനാകുമെന്ന തോന്നൽ ഉണ്ടായിരുന്നെങ്കിൽ ആ മാധ്യമപ്രവർത്തക അങ്ങനെ അവഗണിക്കുമായിരുന്നോ? ഇലെ്ലന്നാണു വിശ്വാസം.